ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പ്രാദേശിക ഭരണ ചരിത്രം

കേരളപ്പിറവിയ്ക്കു മുമ്പ് പഴയ മദിരാശി സംസ്ഥാനത്തിലെ ദക്ഷിണ കര്‍ണ്ണാടക ജില്ലയുടെ ഭാഗമായിരുന്നു ഈ പ്രദേശം. ഇക്കേരി രാജാക്കന്‍മാരുടെ കാലത്തെ ഒരു പ്രധാന സൈനിക കേന്ദ്രമായിരുന്ന ബേക്കലില്‍ 1625-ല്‍ ബേഡന്നൂരിലെ ശിവപ്പനായക് ഒരു കോട്ട നിര്‍മ്മിച്ചു. കദംബ രാജ്യത്തില്‍പ്പെട്ടിരുന്ന ആ പ്രദേശം തുടര്‍ന്ന് വിജയനഗര സാമ്രാജ്യത്തിന്റെ ഭാഗമായി. 1565-ല്‍ തളിക്കോട്ട യുദ്ധത്തിനു ശേഷം ബേഡന്നൂര്‍ രാജാവ് കോട്ട കൈവശമാക്കി.  1763-ല്‍ അത് ഹൈദരാലി കൈയ്യടക്കി. ടിപ്പുവിന്റെ പരാജയത്തിനു ശേഷം ബേക്കല്‍കോട്ട ബ്രിട്ടീഷ് അധീനതയിലായി. ബേക്കല്‍ കോട്ടയില്‍ നിന്ന് കൃത്യം 12 മൈല്‍ ദൂരമാണ് കുണ്ടംകുഴി കോട്ടക്കുള്ളത്. അവിടെ നിന്ന് 12 മൈല്‍ ദൂരത്തിലാണ് ബന്തടുക്ക കോട്ട സ്ഥിതി ചെയ്തിരുന്നത്. ഇക്കേരി രാജാക്കന്മാരുടെ സൈന്യാധിപന്‍മാരായും കോട്ടക്ക് കാവലായും വന്ന രാമക്ഷത്രിയന്‍മാരാണ് ഇന്ന് ഈ പഞ്ചായത്തിലെ കുണ്ടംകുഴിയിലും ബന്തടുക്കയിലും അധിവസിക്കുന്ന ചേര്യക്കാര്‍. അവരുടെ ബേഡന്നൂര്‍ സംസ്ക്കാരം കാലാന്തരത്തില്‍ ബേഡഡുക്കയുടെ ഭാഗമായിത്തീര്‍ന്നു. അതിനു മുമ്പ് വിജയനഗര സാമ്രാജ്യത്തിന്റെ അധിനിവേശകാലത്ത് തന്നെ ദക്ഷിണേന്ത്യന്‍ ജനതയുടെ സാംസ്കാരിക സമ്പര്‍ക്കം ഈ നാടിന് പരിചിതമായിരുന്നു. ഹൈദരാലിയുടെയും ടിപ്പുവിന്റെയും പടയോട്ടകാലങ്ങളില്‍ കടന്നുവന്ന തുര്‍ക്കന്‍മാര്‍ മുസ്ളീം സംസ്ക്കാരത്തിനും അടിത്തറയിട്ടു. ബേഡകത്തെ മുസ്ളീങ്ങളില്‍ തുര്‍ക്കന്‍മാര്‍ എന്ന വിഭാഗം ഇപ്പോഴും ആ സ്മരണ നിലനിര്‍ത്തി  ജീവിച്ചു പോരുന്നു.


തൊഴില്‍ -സാംസ്കാരിക ചരിത്രം

മതപരമായി ഹിന്ദുക്കളും മുസ്ളീങ്ങളും ക്രിസ്ത്യാനികളും മാത്രമാണെങ്കിലും ആചാരാനുഷ്ഠാനങ്ങളില്‍ ഇവയുടെ അവാന്തര വിഭാഗങ്ങള്‍ വളരെയേറെയാണ്. മലയാളം, കന്നഡ, ഉറുദു, തുളു, മറാട്ടി, ഹിന്ദുസ്ഥാനി തുടങ്ങിയ ഭാഷകള്‍ സംസാരിക്കുന്നവര്‍ ഇന്നും പഞ്ചായത്തിലുണ്ട്. മലയാളത്തിന്റെ പ്രയോഗത്തില്‍ പ്രത്യേകിച്ചും നാടന്‍ ഭാഷയില്‍ കന്നഡയുടെ സ്വാധീനം പ്രബലമാണ്. പട്ടികവിഭാഗത്തില്‍പ്പെടുന്നവരുടെയിടയില്‍ വിഭിന്നമായ നാട്ടു ഭാഷകളും പ്രയോഗങ്ങളും പ്രചാരത്തിലുണ്ട്. മലയന്‍, വണ്ണാന്‍ വിഭാഗത്തിനിടയില്‍ പ്രചാരമുള്ള ഭാഷ മലയാളമാണെങ്കില്‍ കോപ്പാളന്‍, മാവിലന്‍ വിഭാഗത്തിനിടയില്‍ തുളു ആണ്  സംസാരഭാഷ. മറാഠി ഭാഷ ബ്രാഹ്മണരുടെ ഇടയിലും കന്നഡ നായക്കര്‍ വിഭാഗത്തിന്റെയിടയിലും നിലനില്‍ക്കുന്നു. ഇവിടുത്തെ നാട്ടുഭാഷാ ചരിത്രം ഗൌരവമായ ഗവേഷണ സാധ്യതയുള്ളതാണ്. ജാതിവ്യവസ്ഥ സജീവമായി നിലനില്‍ക്കുകയും പാലിക്കപ്പെടുകയും അതിനനുസരിച്ച് ജീവിതക്രമം ചിട്ടപ്പെടുത്തുകയും ചെയ്ത ഒരു ഭൂതകാലം ഇവിടെയുണ്ടായിരുന്നു. പാരമ്പര്യ ചെത്ത് തൊഴില്‍ തീയ്യ സമുദായത്തിനും, തുണി നെയ്ത്ത് സാല്യര്‍ സമുദായത്തിനും ആയിരുന്നു. ഒരു കാലത്ത് നെയ്ത്തുമായി ബന്ധപ്പെട്ട് പ്രബലമായ ഒരു ജനസമുദായം ഇവിടെ ഉണ്ടായിരുന്നു. മണിയാണി (യാദവ) ജന്മിമാരുടെ കാര്യസ്ഥന്‍മാരായിരുന്നുവെങ്കിലും കല്‍പ്പണി തുടങ്ങിയ നിര്‍മ്മാണ മേഖല അവരുടെ നിയന്ത്രണത്തിലായിരുന്നു. വാണിയ സമുദായം മുന്‍കാലങ്ങളില്‍ തേങ്ങയാട്ടി എണ്ണ എടുക്കുന്ന തൊഴില്‍ ചെയ്തിരുന്നു. വണ്ണാത്തന്‍മാര്‍ അലക്ക് തൊഴില്‍ സ്വീകരിച്ചിരുന്നവരാണ്. മലയര്‍ സമുദായം പരമ്പരാഗതമായി തെയ്യംകെട്ട് കലാകാരന്‍മാരാണ്. വണ്ണാന്‍ സമുദായവും തെയ്യംകെട്ട് കലാകാരന്‍മാരാണ്. തെയ്യംകെട്ട് കലാകാരന്‍മാരായ മറ്റൊരു വിഭാഗമാണ് കോപ്പാളന്‍മാര്‍. മലബാറില്‍ പൊതുവെ പ്രചാരമുള്ള കര്‍ഷകരുടെ ചിഹ്നമായ തലപ്പാള നിര്‍മ്മിക്കുന്നതും ഈ വിഭാഗമാണ്. മാവിലര്‍ പ്രബലമായ പട്ടികജാതി വിഭാഗമാണ്. ഇവര്‍ കാര്‍ഷികവൃത്തിയില്‍ ജന്‍മിയുടെ മനുഷ്യവിഭാഗമായിരുന്നു. വിശ്വകര്‍മ്മ വിഭാഗത്തില്‍പ്പെട്ടവര്‍ പ്രധാനമായും മരപ്പണിയും ഇരുമ്പു പണിയും ചെയ്തിരുന്നു. ചെട്ടി സമുദായക്കാര്‍ സ്വര്‍ണ്ണപ്പണി ചെയ്യുന്ന തട്ടാന്‍മാരായിരുന്നു. വേട്ടുവര്‍ നല്ലൊരു ശതമാനം പട്ടികവിഭാഗക്കാരാണ്. നായ്ക്കര്‍ കര്‍ണ്ണാടക വേരുകളുള്ള ആദിവാസി സമൂഹമാണ്. കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ട് ഇവരും ഉപജീവനം കഴിക്കുന്നു. ബ്രാഹ്മണര്‍ പല ഭാഗങ്ങളിലായി ഈ പഞ്ചായത്തില്‍ താമസിക്കുന്നുവെങ്കിലും ഒരു ന്യൂനപക്ഷമാണ്. ഇതില്‍ തന്നെ തുളു സംസാരിക്കുന്ന തുളുബ്രാഹ്മണരും കര്‍ണ്ണാടകയില്‍ വേരുകളുള്ള ഹവ്യയ്ക്ക് ബ്രാഹ്മണരും, മഹാരാഷ്ട്രയോട് ബന്ധമുളള കരകിഠാബ്രാഹ്മണരുമുണ്ട്. ക്ഷേത്രപൂജയും കൃഷിയും മറ്റുമായി കഴിയുന്ന ഇവരില്‍ ജന്മിമാരുമുണ്ട്. ചേര്യക്കാര്‍ എന്ന പേരില്‍ അറിയപ്പെടുന്നവര്‍ ക്ഷത്രിയരും ആയിരുന്നു. കൃഷിയുമായി ബന്ധപ്പെട്ട് അവര്‍ ഇന്ന് ഉപജീവനം കഴിക്കുന്നു. ബണ്ഡാരിമാര്‍ ക്ഷൌരപ്പണി ചെയ്തിരുന്നവരാണ്. മാരാര്‍ സമുദായം ക്ഷേത്രം കൊണ്ട് ഉപജീവിതം കഴിക്കുന്നവരാണ്. വാര്യര്‍ സമുദായവും ക്ഷേത്രവുമായി ബന്ധപ്പെട്ട തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഗൌഡ സമുദായം കര്‍ണ്ണാടകയിലെ കര്‍ഷക ജന്മി വിഭാഗമാണ്. ഇവരുടെ കുടുംബവും പഞ്ചായത്തില്‍ അങ്ങിങ്ങായുണ്ട്. കുടിയേറ്റത്തിനു മുമ്പുള്ള ബന്തടുക്ക പ്രദേശത്തെ നായര്‍, നമ്പ്യാര്‍ വിഭാഗങ്ങള്‍ പഞ്ചായത്തിലെ പൂര്‍വ്വജന്മികളായിരുന്നു. തീയ്യരുടെ കുലതെയ്യമായ വയനാട്ട് കുലവന്‍തെയ്യം ഇന്ന് ഈ പഞ്ചായത്തിലെ പ്രധാന തെയ്യംകെട്ടുകളാണ്. തീയ്യരുടെതായ തെയ്യമെന്ന രീതിയിലല്ല മറിച്ച് വലിയ ഒരു ജനകീയ ഉത്സവമായിതന്നെ അത് അരങ്ങേറുന്നു. നീലേശ്വരത്തിനപ്പുറം രണ്ട്, അതിനിപ്പുറം കോരന്‍ എന്ന കാരണവരെയും കൂട്ടി മൂന്നായി കണക്കാക്കിയുള്ള വയനാട് കുലവന്‍ തെയ്യത്തിന് കുടിയാന്റെ ഉയര്‍ത്തെഴുന്നല്‍പ്പിന്റെയും അതിലുപരി അതിലേക്ക് നയിച്ച വയനാട്ട് കുലവന്റെ മുമ്പിലുള്ള ആദരവിന്റെയും സൂചനയുണ്ട്. ദക്ഷിണകാശി എന്നറിയപ്പെടുന്ന കുണ്ടംകുഴി ശ്രീപഞ്ചലിംഗേശ്വരക്ഷേത്രത്തിലെയും  വേളാഴി കളിയാട്ടവുമാണ് പ്രധാനപ്പെട്ട ഹിന്ദു ഉത്സവങ്ങള്‍. ചരിത്ര പ്രസിദ്ധമായ ബന്തടുക്ക ഏണിയാട് മഖാം ഉറൂസും, മരുതടുക്കം മഖാം ഉറൂസുമാണ് പ്രധാനപ്പെട്ട മുസ്ളീം ഉത്സവങ്ങള്‍.